Thursday, April 10, 2014

വല്ല്യുപ്പ














ല്ലിമ്മാരത്തെ തൊടിയില്‍
വെയിലത്ത് കളിച്ചുനടന്നിരുന്ന
വേനലവധിക്കാലത്താണ്
വല്ല്യൂപ്പയെ
അടുത്തറിഞ്ഞിരുന്നത്..

വല്ല്യുപ്പയെന്നാല്‍
കോലായിലെ
ഒടിഞ്ഞുവീഴാറായ
ഉത്തരത്തിലേക്കുനോക്കി
ചാരുകസാലയില്‍
ചാഞ്ഞു കിടന്നിരുന്ന
അത്താണിയായിരുന്നു..

ക്രിക്കറ്റ് കളിക്കാന്‍
വയിലേക്കെത്തുന്ന
കല്‍പ്പടവുകളിലൂടെ
ഇറങ്ങിയോടുമ്പോള്‍
ഉച്ചത്തില്‍ കേള്‍ക്കാറുള്ള
"മണ്ടല്ലേ, മണ്ട്യാ വീണോകുംട്ടോ"
എന്ന കരുതലായിരുന്നു..

ഒറ്റത്തോര്‍ത്തുടുത്ത്,
കവിളില്‍ വെള്ളം നിറച്ച്
അടുക്കളടക്കരികിലെ
കിണറ്റിന്‍കരയില്‍ നിന്ന്
വെള്ളം കോരിക്കുളിക്കുമ്പോള്‍
ചന്ദ്രിക സോപ്പിന്റെ
നറുമണമായിരുന്നു..

വെള്ളിയാഴ്ചകളില്‍
നേരത്തെ കുളിച്ചൊരുങ്ങി
വെള്ളക്കുപ്പായമൊക്കെയിട്ട്
ആ കൈത്തുമ്പില്‍ പിടിച്ച്
പുത്തൂപാടം പള്ളിയിലേക്ക്
വേഗത്തില്‍ നടക്കുമ്പോള്‍
പഞ്ഞിയില്‍ മുക്കി പുരട്ടിതന്ന
അത്തറിന്റെ പരിമളമായിരുന്നു..

ഞങ്ങള്‍ തൊട്ടുകളിക്കുന്ന
തറവാടിന്റെ നാലുമുക്കിലും
പഞ്ചാരമാവിന്‍ ചോട്ടിലും
പറമ്പായ പറമ്പു മുഴുവനും
തളംകെട്ടിക്കിടക്കുന്ന
പൊടിവിയര്‍പ്പായിരുന്നു..

ഒരാഴ്ച നിന്നു മടങ്ങുമ്പോഴും
"തിരക്കായ്‌ല്ലേ കുട്ട്യളേ ങ്ങക്ക്..
കൊറച്ചീസൂടീം നിന്നിട്ട്
പൊയാപ്പോരേന്നും" പറഞ്ഞ്
വാത്സല്യത്താല്‍
നിറഞ്ഞു തുളുമ്പിയിട്ടും
നിറഞ്ഞെന്നു തോന്നാത്ത
നിറകുടമായിരുന്നു..

ആ സുഗന്ധവും സാമീപ്യവും
തലോടലും സാന്ത്വനവും
എല്ലാമെല്ലാം
'ഓര്‍മ്മ'യെന്ന
ഒറ്റവാക്കായിപ്പോയത്
ഒറ്റക്കാക്കി വല്ല്യുപ്പ
പോയതില്‍പിന്നെയാണ്..

ഇപ്പോഴും
വല്ലിമ്മാരത്തിനടുത്ത്
പുത്തൂപാടം പള്ളീന്ന്
പാഞ്ഞിറങ്ങിപ്പോരുന്നേരം,
പള്ളിക്കുളത്തിനുമപ്പുറം
പറങ്ങിമാവിന്‍ തണലോരം
പതിഞ്ഞു കിടക്കക്കുന്ന
മീസാന്‍ കല്ലുകള്‍ക്കു മീതെ നിന്നും
ഒരു നീണ്ട മൗനം
പതിയെ നെടുവീര്‍പ്പിടാറുണ്ട്
"ന്റെ കുട്ടിക്ക്പ്പളും
തെരക്കന്നാണ്‌ല്ലേ.."

പൊറുക്കണം..
ഓര്‍മകളില്‍ നിന്ന്
ഓടിയൊളിക്കാന്‍
'തിരക്കെ'ന്ന സൂത്രം
എന്നെയാരോ
പഠിപ്പിച്ചതാണു
വല്ല്യൂപ്പാ..

___________© മോന്‍സ്

 

Thursday, March 20, 2014

ഓർമ്മ മഴ




















ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം..
മഴ ചറപറാന്ന് പെയ്യുന്ന ഒരൂ ജൂണ്‍ മാസം..
ഉച്ചക്കഞ്ഞി കഴിഞ്ഞുള്ള ഒഴിവു സമയം..
പുറത്ത് വരാന്തക്കപ്പുറത്ത് ചാറിപെയ്യുന്നുണ്ട് മഴ..
ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ ഒറ്റക്കിരുന്ന് റഫ് ബുക്കിന്റെ ഏതോ പേജില്‍
എന്തോ കുത്തിക്കുറിച്ചിരിക്കുകയായിരുന്നു ഞാന്‍. വേറൊന്നുമല്ല. മഴയെ കുറിച്ച് തന്നെ. കണ്ണും മനസ്സും പേനയും കടലാസ്സില്‍ തന്നെയാണ്. പുറത്തുള്ളതൊന്നും ഞാന്‍ അറിയുന്നേയില്ല.
പെട്ടെന്നാണ് ഒരു പെണ്‍കുട്ടിയുടെ സ്വരം:
"ഡാ, ജ്ജ്ത് എവടാണ്?"
ഞാന്‍ മുഖമുയര്‍ത്തി നോക്കിയതും എന്റെ കണ്ണിലും പുസ്തകത്തിലും മഴവെള്ളം ശക്തിയില്‍ വന്നു പതിച്ചതും ഒരുമിച്ചായിരുന്നു. വരാന്തയില്‍ നിന്ന് ഓടിന്റെ ചാലിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം കൈകുമ്പിളില്‍ കോരിയെടുത്ത് എന്റെ മുഖത്തേക്കൊഴിച്ചതാണവള്‍. എന്റെ അടുത്ത് എത്തുമ്പോഴേക്കും ആ മെലിഞ്ഞ കൈകളില്‍ നിന്ന് മുക്കാല്‍ ശതമാനം വെള്ളവും ഉറ്റിയൊലിച്ചു പോയതുകൊണ്ട് വല്ലാതെ നനഞ്ഞില്ല..
ഞാന്‍ ദേഷ്യപ്പെട്ടു:
"ജ്ജ് ദെന്ത് പണിയാ വളെ കാണിച്ച്യേ?"
അവള്‍ ചിരിക്കുകയായിരുന്നു.
"അതൊക്കെ പോട്ടെ, ജ്ജ് തെന്താ എഴ്ത്ണത്.."
"മഴയെ കുറിച്ചാണ്". ഞാന്‍ പറഞ്ഞു.
"അല്ല പൊട്ടാ. മഴനെ പറ്റി എഴ്തണേല്‍ മഴ കാണണ്ടേ..
ജ്ജ് വ്ടങ്ങനെ ഇരുന്നാല്‍ മഴ കാണോ.. പുറത്തേക്ക് വാ..
അവ്ടല്ലേ ശരിക്കും മഴ.."
അവള്‍ പിന്നെയും ചിരിക്കുകയാണ്.
റഫ് ബുക്ക് മടക്കിവെച്ച് ഒന്നും മിണ്ടാതെ അവളുടെ പിറകേ ഞാനും വരാന്തയിലേക്ക് നടന്നു. പുറത്തപ്പോള്‍ മഴതോര്‍ന്ന് വെയിലുദിച്ചിരുന്നു.
ദൂരെ പൊന്‍പറക്കുന്നിനും മേലെ ആകാശത്ത് മഴവില്ലും വിരിഞ്ഞിരുന്നു..
ഈയടുത്ത് എന്തോ കാര്യമായ വര്‍ക്ക് ചെയ്തിരിക്കുന്നേരത്ത് ഫേസ്ബുക്കില്‍ ഒരു മെസേജ് നോട്ടിഫിക്കേഷന്‍ വന്നു. നോക്കിയപ്പോള്‍ ഈ മഴചിത്രവും കൂടെ പത്ത് പതിമൂന്ന് വര്‍ഷം മുന്നേ കേട്ട അതേ ചോദ്യവും.
"ഡാ, ജ്ജിപ്പം എവടാണ്?"
അതെ, അവൾ തന്നെയാണ്.
ഈ ചിത്രവും ചോദ്യവും കണ്ടമാത്രയില്‍ ഒരുനിമിഷം മുഖത്തേക്കാരോ മഴവെള്ളം തെറിപ്പിച്ചതുപോലെ...
മഴനൂലുകളില്‍ പിടിച്ച് പിന്നെയും സ്‌കൂള്‍ വരാന്തയിലെത്തിയ പോലെ.. പിന്നെയൊരു പെയ്ത്തായിരുന്നു ഈ ഓർമ്മ മഴ..
മറവിയുടെ ആഴങ്ങളിലേക്ക്
അതങ്ങിനെ ഇപ്പോഴും പെയ്‌തോണ്ടിരിക്കുന്നു...
_______________© മോന്‍സ്

Wednesday, October 30, 2013

Hide 'n' Seek













'ഞി ഇജ്ജെണ്ണ്.. ഞാനൊളിക്കാം..'
എന്നു ചൊല്ലി നീ മറഞ്ഞ
നാളുതൊട്ടാണ്‌ പ്രിയേ 
നിന്നോടുള്ള സ്നേഹം
ഞാനെണ്ണിത്തുടങ്ങിയത്..

തിരഞ്ഞു തളർന്നു 
തണല്‍ തേടിയപ്പോള്‍
മേലെ ഇലപൊഴിച്ചു നിന്ന 
ശിശിര മരമാണ് ഓര്‍മിപ്പിച്ചത് 
'വേനലറിഞ്ഞ മോഹങ്ങളേ 
വസന്തങ്ങളില്‍ പൂവിടൂ' എന്ന്..

കാത്തുകാത്തിരുന്ന
പ്രതീക്ഷയുടെ അറ്റത്താണ്
കയ്യെത്തും ദൂരത്തിങ്ങിനെ
കണ്‍നിറയെ നിന്നെ
കാണാമെന്നായത്..

വിധിയെന്നു പറഞ്ഞു
യാത്രാമൊഴി ചൊല്ലാതെ
ദൂരെ ഇടവഴിക്കപ്പുറത്തേക്കു
നീ നടന്നു മറഞ്ഞപ്പോൾ,
തനിച്ചാക്കല്ലേയെന്നു കെഞ്ചി
നിന്റെ പിറകേയോടാൻ
തുനിഞ്ഞ നേരമാണ്
അറിയാതെ കല്ലിലടിച്ച്
തടഞ്ഞു വീണുപോയത്..

അന്നേരം
തോലു പോയ കാൽമുട്ടിൽ
പറ്റിപ്പിടിച്ചു കിടന്ന ചരൽകല്ലാണ്
പറഞ്ഞു തന്നത്
'ചിലനേരം മനസ്സിന്
കല്ലിന്റെ കട്ടി വേണ'മെന്ന്..

ഒടുക്കം
നിന്റെ മൈലാഞ്ചിക്കൈകളും
എന്റെ ഈറൻ മിഴികളും
ചുവന്നു തുടങ്ങിയപ്പോയായിരിക്കാം
നീയെനിക്ക് അന്യയായത്...
നാളെയെൻ ഖബറിനു മീതെ
മൈലാഞ്ചിച്ചെടി നടുവോളം
എന്റെ മനസ്സിലിങ്ങിനെ
ഒളിച്ചു കളിക്കുമായിരിക്കും
നിന്റെ ഓർമ്മകൾ...

എങ്കിലും കളിത്തോഴീ
ഇപ്പോഴും അറിയാത്തതിതാണ്..

"ഒരുപിടി സ്നേഹത്തെ മായ്ക്കാൻ
ഒരുപാട് സ്നേഹമുള്ളോരാൾ
ഇതുവഴി വരുമെന്നെന്തേ
നീ പറയാൻ മറന്നത്..
സ്നേഹത്തെ ജയിക്കാൻ
ഓർമ്മകൾക്കാവില്ലെന്നും.."
_______________© മോന്‍സ്


Sunday, October 6, 2013

മഴ പെയ്യുന്നത്















സ്കൂൾ വിട്ടു വരവേ
ചോര്‍ന്നു തുടങ്ങിയ
പുള്ളിക്കുടയിലൂടെ
പുസ്തകത്താളുകള്‍
നനഞ്ഞു കുതിരുമ്പോള്‍ 
ഇളം കുളിരാണ്
മഴയെന്നു തോന്നും..

ഇല്ലാഴ്മയുടെ അടുപ്പത്ത്
മഷിയൊലിച്ചിറങ്ങിയ
പുസ്തകമുണക്കുമ്പോള്‍
അടുത്തു വന്നിരിക്കും ഉമ്മ..

പുറത്ത്
മഴ തോർന്നിട്ടുണ്ടാകുമെങ്കിലും
അടുക്കളക്കകത്ത്
ചാറ്റല്‍മഴപോല്‍ പെയ്യുന്നുണ്ടാകും
ഉമ്മാന്‍റെ സങ്കടങ്ങൾ..

"മഴയിങ്ങിനെ പെയ്താൽ,
അടുപ്പില്‍ തീകത്തിക്കാന്‍
ഒന്നും ണ്ടാകൂലല്ലോ മോനേ?
അടുത്ത കര്‍ക്കിടകം
വര്ണേയ്ന്റെ മുന്നെങ്കിലും 
ഈ പൊട്ടിയ ഓടും
പട്ടികയും കൈക്കോലും
ഒക്കെ മാറ്റിയിടണ്ടീനീ മോനേ?"

അപ്പോള്‍ മാത്രം
മാഞ്ഞുപോകും തോന്നലുകൾ,
പതിയെ തെളിഞ്ഞുവരും
ചില നേരുകൾ..

എല്ലാ മഴയും പെയ്യുന്നത്
മാനത്തു നിന്നല്ലെന്ന്..
ഉമ്മാന്‍റെ കണ്ണിലൊഴുകും
കണ്ണീര്‍ മഴയ്ക്ക് കുളിരല്ലെന്ന്..
നോവിന്‍റെ ഇളം ചൂടാണെന്നും..
______________© മോന്‍സ്


Saturday, September 21, 2013

ഓർമച്ചൂട്ട്














ണ്ട് 
മദ്റസും വിട്ടു രാത്രിയിലാണ് 
നിലാവു ചോരുന്ന തറവാട്ടിലേക്ക്
ഞങ്ങൾ കുട്ടികളെല്ലാരും
കൂടാൻ പോകാറുള്ളത്..

തേങ്ങാച്ചോറൊക്കെ തിന്ന്,
പുൽപ്പായയിൽ സ്ഥലം പിടിച്ചു 
ഉറക്കം തൂങ്ങിയിരിപ്പുണ്ടാകും 
നേരത്തെ വന്ന എളാപ്പന്റെ മക്കൾ..

പറഞ്ഞിട്ടും തീരാത്ത
വല്ലിമ്മാന്റെ ഖിസ്സകൾ
കേട്ടുകേട്ടുറങ്ങുമ്പോൾ
ഇറയത്ത്‌ തച്ചുകെടുത്തിയ ചൂട്ട്
പുകയുന്നുണ്ടാകും പിന്നേയും..

വല്ലിമ്മ
മഞ്ഞുറഞ്ഞു കിടക്കും പുലരിയിൽ
രാത്രി മഴയേറി വന്ന ഈറൻ കാറ്റ്
പറിച്ചെറിഞ്ഞിട്ട ഇലകളെ
കുറ്റിച്ചൂലു കൊണ്ട് ഇക്കിളിയാക്കും..
മുറ്റത്തെ ഇലകളും
തൊടിയിലെ ചമലകലും
അടിച്ചു കുന്നുകൂട്ടി തീയിടും.. 
ചുറ്റും കൂനിപ്പിടിച്ചിരുന്നു 
തീകായും ഞങ്ങളെല്ലാരും..

തീ നാളത്തിനു മുകളിൽ വെച്ച കൈ
പരസ്പരം മുഖങ്ങളിൽ അമർത്തി
ആ ഇളം ചൂടിലങ്ങിനെ
മതിമറന്നിരിക്കുമ്പോൾ
സ്വർണനൂലിന്റെ കൊലുസ്സണിഞ്ഞു
ചിരിതൂകിയെത്തും പകൽ പതിയെ..

കഴിഞ്ഞ അവധിക്കാലത്തെ
ഡിസംബറിലെ ഒരു വെളുപ്പിന്
ആവി പിടിച്ച്ചോണ്ടിരിക്കുന്ന
വല്ലിമ്മാന്റെ അടുത്ത്
തണുത്തു വിറച്ചിരുന്നപ്പോൾ
ഒരിക്കൽ കൂടിയെന്റെ ഓർമച്ചൂട്ട്
കത്തിച്ചു തന്നു വല്ലിമ്മാ:
"ഒന്നു തീകായാൻ പൂതിയാകുന്നില്ലേ കുട്ട്യേ"

ചോദ്യത്തിലേക്ക് പിടിവിട്ടു വീണപ്പോഴേക്കും
ഉത്തരത്തിന്റെ പിടിവള്ളി
വല്ലിമ്മ തന്നെ ഇട്ടു തന്നിരുന്നു:

"അയ്ന് തീകായാൻ എവിട്യാലെ എലകൾ?..
എലകള് ണ്ടാകുമ്പളല്ലേ ചമലണ്ടാകൂ..
മരങ്ങൾ മുഴുവൻ വെട്ടിട്ടാഞ്ഞീലേ..
തറവാടിന് ചുറ്റുംള്ള തൊടീല് നെറയെ
ന്റെ കുട്ട്യള് പൊരണ്ടാക്കീലേ..
ന്നാലും സാരല്ല്യ.. ന്റെ കുട്ട്യേളല്ലേ..
ഓരെ ഇത്രയും വളർത്തി വലുതാക്ക്യേന്റെ
കനല് മുഴുവൻ ഈ നെഞ്ചില്ണ്ട്.
ന്റെ തണുപ്പ് മാറ്റാൻ അതന്നെ മതീ.."
__________________________© മോന്‍സ്


Friday, August 30, 2013

സ്നേഹം, പ്രണയം പിന്നെ ഇഷ്ടവും













ദിയിൽ നിറയെ പൂക്കളുള്ള ഒരു പൂങ്കാവനമുണ്ടായിരുന്നു.
മുൾവേലി കൊണ്ടുള്ള അതിരിനപ്പുറം കാവലിനു രണ്ടു പേരും.
'സ്നേഹ'വും 'പ്രണയ'വും.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളോടായിരുന്നു അവരുടെ 'ഇഷ്ടം'.
പൂവിരിയാന്‍ നിത്യവും ചെടിക്ക് വെള്ളമൊഴിച്ച് കൊടുത്തത് 'സ്നേഹം'. 
നീണ്ട കാത്തിരിപ്പിന്റെ അവസാനം പൂതിപൂത്തു.
ആശാമരച്ചില്ലയിൽ നിറയെ 'ഇഷ്ട'ങ്ങളങ്ങിനെ വിരിഞ്ഞു നിന്നപ്പോൾ
ഓടിവന്നു പറിച്ചെടുത്തു കളഞ്ഞത് 'പ്രണയം'.
വാടിത്തളർന്ന്, 'പ്രണയ'ത്തിന്റെ കാലുകൾക്കിടയിൽ പിടഞ്ഞു തീർന്ന 'ഇഷ്ട'ത്തെ 'സ്നേഹം' മിഴിവാർത്ത് നോക്കിനിന്നു.
പൊട്ടിത്തകർന്ന കിനാവിന്റെ ആഴത്തിലൊരു കുഴികുത്തി സ്നേഹമതിനെ മറമാടി. മണ്ണിനു മീതെ നിറയെ മുള്ളുകളുള്ള ഒരു കള്ളിച്ചെടി നട്ടു 'സ്നേഹം' തിരിഞ്ഞു നടന്നു.
_______________________________© മോന്‍സ്

Thursday, August 22, 2013

കിനാശലഭം












നിദ്രയുടെ മിഴികളെന്നെ
മാടി മാടിവിളിക്കുന്നേരം
ചിറകു മുളച്ച കിനാവൊരു
ചിത്രശലഭമായ് 
പറന്നുയർന്നു പോകാറുണ്ട്..

മഴയുടെ നൂലിഴകളിൽ
തണുത്തു വിറച്ച്
നിന്റെ ജനവാതിൽക്കൽ
വെറുതെ വന്നിരിക്കാറുണ്ട്..

തനിച്ചായിപ്പൊയെന്ന
നിന്റെ വിതുമ്പലിൽ
നഷ്ടപ്പെട്ടു പോകുന്ന
എന്നെ തിരിച്ചറിയാറുണ്ട്..

നിന്റെ കണ്ണീരു തുടക്കാൻ
എന്റെ ചിറകുകൾക്കാവില്ലെന്നു
ഒരു നൂറു പ്രാവശ്യമെങ്കിലും
ശബ്ദം താഴ്ത്തി പറയാറുണ്ട്..

ഒരു നെടുവീർപ്പിനപ്പുറം
നിന്റെ ഹൃദയമിടിപ്പിങ്ങിനെ
ഉയർന്നു കേൾക്കുമ്പോഴേക്കും
നീയില്ലാത്ത ലോകത്തേക്ക്
ഉണർന്നു പോകാറുമുണ്ട്..

എങ്കിലും സഖീ..
തോരാത്ത നിലാമഴയുള്ള
നിന്റെ പൂങ്കാവനത്തിൽ
ഞാനൊരിക്കൽ കൂടെ
പാറി നനഞ്ഞോട്ടെ..

കണ്ടിട്ടും കണ്ടിട്ടും
കൊതിതീരാ കിനാവിലേക്ക്
കണ്ണുകൾ ഇറുകെയടച്ചോട്ടെ..
____________________© മോന്‍സ്